 | വീടിന് നിറം പകരുമ്പോള്‍ | വീടിന്റെ നിര്‍മാണം പൂര്‍ത്തിയായാല്‍ പിന്നെ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ടത് പെയിന്റിങ്ങിനാണ്. വീട്ടിലുള്ളവരെയും അതിഥികളെയും ഉന്മേഷവാന്മാരും ഉന്മേഷവതികളുമാക്കാന്‍ പോരുന്നതാവണം വീടിനായി തിരഞ്ഞെടുക്കുന്ന നിറങ്ങള്‍. അതിനാല്‍ തന്നെ ഏറെ ശ്രദ്ധയോടെ വേണം നിറങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്.
മുറിയുടെ ഭിത്തികള്‍ക്ക് ഇളംനിറങ്ങള്‍ നല്‍കുന്നതാണ് ഉത്തമം. മുറിക്ക് കൂടുതല്‍ വലുപ്പം തോന്നാന്‍ ഇത് സഹായിക്കും. വടക്ക്, തെക്ക് ദിക്കുകളിലേക്ക് തിരിഞ്ഞിരിക്കുന്ന മുറികള്‍ക്ക് ഓഫ് വൈറ്റ്, മഞ്ഞ, ഇളം പച്ച, ഇളം നീല, ഇളം പിങ്ക് നിറങ്ങള്‍ നല്‍കിയാല്‍ കൂടുതല്‍ പ്രകാശമുള്ളതായി തോന്നിക്കും. എന്നാല്‍ കിഴക്ക്, പടിഞ്ഞാറ് ദിക്കുകളിലേക്ക് തിരിഞ്ഞിരിക്കുന്ന മുറികളില്‍ സൂര്യപ്രകാശം നന്നായി കിട്ടുമെന്നതിനാല്‍ നീല, പച്ച പോലുള്ള കടുംനിറങ്ങള്‍ ഉപയോഗിച്ചാലും കുഴപ്പമില്ല.
ചില വീടുകളില്‍ ധാരാളം നിറങ്ങള്‍ ഉപയോഗിച്ച് വൃത്തികേടാക്കുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. മുഴുവന്‍ ഇന്റീരിയറിനുമായി രണ്ടോ മൂന്നോ നിറങ്ങള്‍ മാത്രം ഉപയോഗിക്കുന്നതാണ് ഭംഗി. വൈവിധ്യത്തിനായി വേണമെങ്കിലും അവയുടെ വ്യത്യസ്ത ഷേഡുകളും ടിന്റുകളും നല്‍കാം.
ഓരോ മുറിയിലും ഏത് അന്തരീക്ഷം നല്‍കണം എന്ന് ആദ്യം തീരുമാനിക്കുക. ഇതനുസരിച്ച് വാം നിറങ്ങളോ കൂള്‍ നിറങ്ങളോ തിരഞ്ഞെടുക്കാം. ഉദാഹരമായി തടി ഫര്‍ണീച്ചറുകള്‍ ഏറെയുള്ള ലിവിങ് റൂമില്‍ മഞ്ഞ, ഓറഞ്ച്, ചുവപ്പ് പോലുള്ള വാം കളറുകള്‍ നല്‍കാം. എന്നാല്‍ ശാന്തമായ അന്തരീക്ഷം വേണ്ട ബെഡ്‌റൂമിന് ഇളംനിറങ്ങളാണ് നല്ലത്.
തറയുടെ നിറം കൂടി മനസ്സില്‍ കണ്ടുവേണം ഭിത്തികള്‍ക്കുള്ള നിറം തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍, സീലിങ്ങിന് എപ്പോഴും വെള്ളനിറം തന്നെ വേണം.
അടുക്കളയില്‍ കടും നിറമുള്ള ഗ്രാനൈറ്റോ ടൈല്‍സോ ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ ഭിത്തിക്ക് ഇളം നിറം നല്‍കാം. കിച്ചന് കൂടുതല്‍ വലുപ്പം തോന്നിക്കാന്‍ ഇത് സഹായിക്കും.
എക്‌സ്റ്റീരിയറിന് വെതര്‍കോട്ട് ഉപയോഗിച്ചുള്ള പെയിന്റിങ്ങാണെങ്കില്‍ മെയിന്റിനന്‍സ് കുറയും.
പെയിന്റിങ്ങില്‍ ചെലവ് കാര്യമായി കയറിപ്പോകാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
|
|